സ്ഥാപന വിവരങ്ങൾ
1953-ലാണ് വിളപ്പില്‍ ഗ്രാമപഞ്ചായത്ത് രൂപീകൃതമാവുന്നത്. ആദ്യപ്രസിഡണ്ട് കെ.ഭാസ്കരപിള്ളയായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ നേമം അസംബ്ളി മണ്ഡലത്തില്‍ കാട്ടാകട താലൂക്കില്‍ വിളപ്പില്‍ വില്ലേജുള്‍പ്പെടുന്ന പ്രദേശമാണ് വിളപ്പില്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തുപ്രദേശമുള്‍പ്പെടുന്ന പാര്‍ലമെന്റ് മണ്ഡലം തിരുവനന്തപുരമാണ്. ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്ത് പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗമായ കുണ്ടമണ്‍ഭാഗവും തിരുവനന്തപുരം നഗരവുമായി ബന്ധപ്പെടുത്തി പാലം പണിതുയര്‍ത്തിയതോടെയാണ് വിളപ്പില്‍ ഗ്രാമത്തിന്റെ വാണിജ്യഗതാഗതപ്രാധാന്യം വര്‍ദ്ധിച്ചത്. വിദേശങ്ങളിലേക്ക് ബ്ളഡ് ബാഗുകള്‍ കയറ്റിയയക്കുന്ന ഏഷ്യയിലെ തന്നെ രണ്ടാമത്തെ സ്ഥാപനമായ പെന്‍സുലന്‍-പോളിമേര്‍സ് (പെന്‍ പോള്‍) ഈ പഞ്ചായത്തിലാണ്. ഗവ. വിളപ്പില്‍ എല്‍.പി.എസ്സിന് 150 വര്‍ഷം പഴക്കമുണ്ട്. 1935-ല്‍ വിളപ്പില്‍ വിദ്യാപ്രബോധിനി ഗ്രാമീണ ഗ്രന്ഥശാല സ്ഥാപിതമായി. ചെറുതേരി മഹാദേവക്ഷേത്രം, വിളപ്പില്‍ശാല ശ്രീകണ്ഠ ശാസ്താക്ഷേത്രം, പുളിയറക്കോണം രാമേശ്വര ക്ഷേത്രം, പിറയില്‍ ശാസ്താക്ഷേത്രം, പേയാട് സെന്റ് സേവ്യേഴ്സ് ദേവാലയം, പടവല്‍ക്കോട് മോസ്ക് എന്നിവയാണ് പ്രധാന ആരാധനാലയങ്ങള്‍.